ഇത് കാട്ടുപൂക്കള്‍. ചട്ടികളിലും നഴ്സറികളിലും കാണപ്പെടുന്ന
നിറവും മണവുമുള്ള സംസ്കരിച്ച പൂക്കളിവിടെയില്ല.
കാടിന്റെ വന്യതപേറുന്ന ഈ പൂക്കളെപ്പറ്റി
അവകാശവാദങ്ങളില്ല.
ദയവായി അവയെ തൊട്ടു നോക്കരുത്
-നിങ്ങളുടെ കൈ പൊള്ളിയാലോ ?
മണവും നിറവും,
നിങ്ങളെആകര്‍ഷിച്ചില്ലെന്നു വരാം.
പക്ഷേ,
അവ
ഇവിടെ ഉണ്ട്,ഉണ്ടാവും, ഉണ്ടാവണം.
ഉണ്ടാവണ്ടേ?
-എഡിററര്‍
കവിത)
മഴ പെയ്തു മാനം തെളിഞ്ഞു.
വിഞ്ജുഷ.കെ.കെ(viii-c)
മഴ പെയ്യും മുമ്പേ മാനം കറുത്തു
മഴമുകില്‍ പെണ്‍കൊടി മാറത്തണഞ്ഞു
മുറ്റത്ത് തുമ്പികളെപ്പോലെ
പൈതങ്ങള്‍ തുള്ളിച്ചാടി
കണ്‍കളിലിടിമിന്നല്‍ പൊട്ടിച്ചിതറവേ,
അമ്മതന്‍ മുണ്ടിന്റെ കോന്തലയില്‍
തൂങ്ങിയാടുന്നൂ കുഞ്ഞുങ്ങള്‍
വീടിന്റെ ജനല്‍പ്പാളികള്‍
തള്ളിയടക്കുന്നു ശൈത്യം
പൂവിന്റെ ദലങ്ങള്‍ കൊഴിഞ്ഞു,
പുതുമണ്ണിന്‍ ഗന്ധം പരന്നു
കൂട്ടിലെ കുഞ്ഞിനെ ചാരത്തണയ്ക്കുവാന്‍
അമ്മക്കിളികള്‍ പറന്നു ചെല്ലുന്നു
അങ്ങതാ മാനം തെളിഞ്ഞുതുടങ്ങി
അമ്മക്കിളികള്‍ കൂടണഞ്ഞല്ലോ.
കവിത) അദ്വൈതം
അഷിത.കെ.(ix std)
വെള്ളം നീരാവി മേഘം
മേഘം മഴയാവുന്നു,
മഴ മനസ്സുകളെ തലോടുന്നു.
മനസ്സ് വികാരം ദുഃഖം
ഇവ കണ്ണീര്‍ച്ചാലുകളാവുന്നു
കുളമായി പുഴയായി കടലുമായി
നീരാവിയായത്
ഞാനായിരുന്നു
കവിത) ഓര്‍മ്മയിലെ പൂന്തോട്ടം
തീര്‍ത്ഥ. ജെ.പി. ,ക്ലാസ് viii
ഓര്‍മ്മയിലുണ്ടൊരു പൂന്തോട്ടം
നിര്‍വൃതി നെയ്യും പൂന്തോട്ടം.
വര്‍ണ്ണപ്പകിട്ടുള്ള കൊച്ചു പൂമ്പാറ്റകള്‍
പാറിപ്പറന്നിടും ഉദ്യാനം
കുഞ്ഞിളം കാറ്റിന്റെ കുളിരിന്‍ ചിറകില്‍
നൃത്തമാടി വരും കൊച്ചു പൂക്കള്‍
മനസ്സിന്റെ വീഥിയില്‍ നിറമേകി
കുളിരേകിപ്പറന്നെത്തും
പൂത്തുമ്പികള്‍
വേനല്‍ക്കാലം
(കവിത)
ഹര്ഷാ മേനോന്‍.
ഒരു വേനല്‍ക്കാലം പോല്‍
എന്‍ മനസ്സിലെ സ്നേഹനികുഞ്ജങ്ങള്‍
കരിഞ്ഞുണങ്ങുന്നു.
വിണ്ടു കീറി കരയുന്ന
ഒരിറ്റു ജീവനായ്
മഴതന്ന ജലസമൃദ്ധിക്കുമേല്‍
തന്റെ ആധിപത്യം അറിയിച്ച്
ഭൂമിതന്‍ സമ്പത്ത് ഊറ്റിയെടുക്കുന്നു വേനല്‍ക്കാലം
പിന്നെയും പിന്നെയും
വറ്റിവരളുന്നു
മിഴിയിലെ കണ്ണുനീര്‍ക്കുളങ്ങളും
ഒരിറ്റു നീരില്ല, ജീവനില്ല,
പാരില്‍,
ജീവിതസ്പന്ദങ്ങള്‍ എങ്ങുമില്ല......
മലകയറ്റം (കവിത)
ഹര്‍ഷാമേനോന്‍
ix'th std
കാലത്തിന്റെ മുള്ളുകളേല്‍പിച്ച
മുറിപ്പാടുകളുമായി
ഞാന്‍,
നൂല്‍കിനാക്കളിന്‍ പിടിച്ച്
മല കയറുമ്പോള്‍
സന്തോഷമേ,
നീയെവിടെയാണ്
ഒളിച്ചിരിക്കുന്നത് ?
കേറി വന്ന വഴികളിലെ
അപ്പൂപ്പന്‍താടികള്‍ക്ക്
ഒരു വഴിയും അറിയില്ല.
മലമോളില്‍ വിരിയുന്ന
പുലരിയുടെ കരങ്ങള്‍
എന്നെയെന്തേ
എന്നും
താങ്ങി നിര്‍ത്തുന്നു ?
ഞാനിപ്പോഴും
മല കയറിക്കൊണ്ടിരിക്കയാണല്ലോ
ചൂല്‍ (കവിത)
അരുണ്‍.ജി.പി.
viii-H
നേരം വെളുക്കാന്‍ സമയമായി
ജോലി ചെയ്യാനും സമയമായി,
വീട്ടിലെ മുക്കിലും മൂലയിലും
ഓടിയടുക്കാനും നേരമായി.
ചീത്തകളെല്ലാം പുറത്താക്കണം
വൃത്തികളെല്ലാമകത്താക്കണം,
രാവും പകലുമീ ജോലിതന്നെ,
എന്നിട്ടും കുറ്റമെനിക്കു തന്നെ!
എപ്പോഴും ശരണമീ ജോലി തന്നെ,
എന്നിതു തീരുമെന്നാര്‍ക്കറിയാം !
-നേരം വെളുക്കാന്‍ സമയമായി,
ജോലി ചെയ്യാനും സമയമായി....
അടുപ്പു കല്ല് (കവിത)
ശ്രീഹരി. എസ്.എന്‍
viii-H
വീട്ടിലെ അടുപ്പു കല്ല്
എപ്പോഴും ചുട്ടുപൊള്ളും
ആഹാരത്തിന്‍ ഭാരമേന്തി
ഉള്ളു ചുട്ടുപൊള്ളിടുന്നു
വേദനകളെരിച്ചിടുന്നു
മോഹമായി പുകപൊങ്ങുന്നു,
എങ്കിലുമൊന്നാളിക്കത്താന്‍,
മനം നിറയെ കൊതിച്ചിടുന്നു !
കണ്ണാടി (കവിത)
സ്വാതി സുരേഷ്
IX H
കണ്ണാടിയില്‍ തന്റെ
പ്രതിബിംബവും നോക്കി
നില്ക്കയാണവള്‍
ഹര്‍ഷ പുളകിത
അഞ്ജനം കറുപ്പിച്ച
കണ്ണുകള്‍, സിന്ദൂരത്തിന്‍
തിലകം കുറിച്ച തിരു നെറ്റി,
മൂക്കുത്തി,
കല്ലു കമ്മലും വജ്രമാലയും,
വളകളും,കൊലുസ്സും,
തിളങ്ങുന്ന സ്വര്‍ണ്ണം മെയ്യാകെയും,
തെല്ലഹങ്കാരത്തോടെ തൊട്ടു നോക്കവേ,
-ഇല്ല താനറിയുന്നില്ല ഒന്നും
കാണ്‍മതൊരു വിരൂപയെ!
കണ്ണാടിയോ പ്രശ്നം ?
ആമാടയോ ?
കുരുങ്ങിക്കിടക്കയാണവളാക്കണ്ണാടിയില്‍
മഴയെപ്പറ്റി
ദിവ്യശ്രീ. സി
VIII H
മഴ- എത്ര ആസ്വദിച്ചാലും മതി വരാത്ത ഒരു പ്രകൃതി പ്രതിഭാസം! നമ്മുടെ ഓര്‍മ്മകളിലെന്നും മനോഹരമായഒരു സ്ഥാനം മഴ പിടിച്ചുപറ്റിയിട്ടുണ്ടാവും.പ്രശസ്ത കവി, ശ്രീമതി സുഗതകുമാരി പറഞ്ഞതു പോലെ മഴയ്ക്ക് എത്ര മുഖങ്ങളാണ് ,എത്ര ഭാവങ്ങളാണ് !ചിലപ്പോള്‍,രൗദ്രം, ചിലപ്പോള്‍ ശാന്തം -അങ്ങനെ വ്യത്യസ്തമായ ഭാവങ്ങള്‍.
കോരിച്ചൊരിയുന്ന മഴയില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കാത്തവരാരുണ്ട് ?ആരുടെ ബാല്യങ്ങളിലേക്ക് പോയാലും മീന്‍ പിടിച്ചും കടലാസ് തോണിയുണ്ടാക്കിയും കളിച്ച നാളുകളുണ്ടാവും.
മഴക്കാലത്ത് കുടയും ചൂടി സ്ക്കൂളിലേയ്ക്ക് പോകാന്‍ എന്ത് രസമായിരിക്കും! മഴയ്ക്ക് ഒരു പ്രത്യേക താളമുണ്ട്, സംഗീതമുണ്ട്! ഒന്നു കാതോര്‍ത്താല്‍ ആസംഗീതം നമുക്കെല്ലാം കേള്‍ക്കാന്‍ കഴിയും. കാതുകള്‍ക്ക് ഇമ്പമേകുന്ന സംഗീതമാണത്. മറക്കാന്‍ കഴിയാത്ത സംഗീതം.
മഴക്കാലത്ത് സങ്കടമുണ്ടാക്കുന്ന ചില അനുഭവങ്ങളുമുണ്ടാകും. വലുതും ചെറുതുമായ സങ്കടങ്ങള്‍.മഴയില്‍ കളിക്കുന്നതിനിടയില്‍ വഴുതി വീഴുന്നതും, മഴയില്‍ കളിച്ചതിന് രക്ഷിതാക്കളുടെ വഴക്ക് കേള്‍ക്കുന്നതും ലളിതമായ സങ്കടങ്ങളാണ്. പക്ഷേ, വെള്ളപ്പൊക്കവും മറ്റ് പ്രതിഭാസങ്ങളും ജീവനുതന്നെ ഹാനി വരുത്തുന്നു,. എങ്കിലും മഴയെ വെറുക്കാന്‍ നമുക്കാവുമോ? എത്ര വികൃതി കാട്ടിയാലും നാം വെറുക്കാത്ത നമ്മുടെ ഒരുറ്റ ചങ്ങാതിയാണ് മഴ! നമ്മുടെ കളിത്തോഴനാണ് മഴ.
2009, നവംബർ 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- punathil school
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ